എറ്റിഎം കുത്തി തുറന്ന് മോഷണ ശ്രമം; പ്രതി പിടിയില്‍

Advertisement

പരവൂര്‍: പുക്കുളം ഇസാഫ് ബാങ്കിന്റെ എറ്റിഎം കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കുറുമണ്ടല്‍ സ്വദേശി രാഹുലി(26)നെ ആണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് എറ്റിഎം മോഷണത്തിനായ് എല്ലാ വശത്തും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചാണ് മോഷണശ്രമം നടത്തിയത്. അതുകൊണ്ട്തന്നെ ഇയാളുടെ രൂപം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നില്ല.
മുന്‍പ് ജില്ലയില്‍ തന്നെ വിവിധ ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ദൃശ്യ മാധ്യമങ്ങളില്‍ വന്ന എടിഎം കവര്‍ച്ചയുടെ വാര്‍ത്തകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഗ്ലാസ് ഡോറുകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. എടിഎം മെഷീന്‍ കുത്തിപ്പൊളിച്ച് നശിപ്പിച്ചിരുന്നു. എന്നാല്‍ പണം കടത്താന്‍ പ്രതിക്ക് സാധിച്ചില്ല.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ കൊട്ടാരക്കരയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ പ്രതി കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നതായി സ്ഥിരീകരിച്ചു. അവിടെ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ബാങ്കില്‍ കയറുന്നതിനും ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഡി. ദീപു, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ്, എസ്‌സിപിഒ നെല്‍സണ്‍, സിപിഒമാരായ സലാഹുദീന്‍, സച്ചിന്‍ ചന്ദ്രന്‍, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.