കരിയര്‍ എക്സ്പോ 19ന്

Advertisement

കൊല്ലം: ജില്ലയിലെ യുവജനങ്ങള്‍ക്ക് മികച്ച കരിയര്‍ ഒരുക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായി വിവിധ സര്‍ക്കാര്‍ മിഷനുകളുടെയും വകുപ്പുകളുടെയും നൈപുണ്യ പരിശീലന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാളെ കരിയര്‍ എക്സ്പോ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.
ചവറ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ക്യാമ്പസിലാണ്് രാവിലെ 8.30 മുതല്‍ എക്സ്പോ ഒരുക്കുന്നത്. മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം പങ്കെടുക്കും.
രാജ്യത്തിനുള്ളിലും വിദേശ രാജ്യങ്ങളിലുമടക്കമുള്ള തൊഴിലവസരങ്ങളാണ് എക്‌സ്‌പോയിലൂടെ ഒരുക്കുന്നത്. കരിയര്‍ സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, കരിയര്‍ സ്റ്റാളുകള്‍, തൊഴില്‍മേള എന്നിവയാണ് പ്രധാന ആകര്‍ഷണം. കേരള നോളജ് ഇക്കോണമി മിഷന്റെ പിന്തുണയോടെ കുടുംബശ്രീ ജില്ലാ മിഷനാണ് സംഘാടന ചുമതല നിര്‍വഹിക്കുക. അസാപ്, കെസ്, കെ-ഡിസ്‌ക്, വൈഐപി പ്രോഗ്രാം, ഒഡ്യൂപെക്, നോര്‍ക്കാ റൂട്ട്സ്, ടെക്നോപാര്‍ക്ക് എന്നിവയുടെ സ്റ്റാളുകളും പരിശീലന സെഷനുകളും സംഘടിപ്പിക്കും.
ബാങ്കിങ്, മെഡിക്കല്‍ ആന്‍ഡ് പാരാമെഡിക്കല്‍, ടെക്നിക്കല്‍, ഡിസൈനിങ്, ഇലക്ട്രോണിക്സ്, അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടിങ്, മാനുഫാക്ചറിങ്, മാര്‍ക്കറ്റിങ്, ഐ.ടി എന്നിങ്ങനെ വിവിധ സെക്ടറുകളിലെ 15-ലധികം നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍, 50 ലധികം തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവര്‍ എക്സ്പോയില്‍ പങ്കെടുക്കും.

Advertisement