കൊല്ലം കളക്ടറേറ്റ് ബോംബു സ്‌ഫോടനം വാദം പൂര്‍ത്തിയായി; വിധി 29ന്

Advertisement

കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് വിധി പറയും. നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്‌മെന്റ് ഭീകരവാദികളായ തമിഴ്‌നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27), ഷുസുദ്ദീന്‍ (28) എന്നിവരാണ് പ്രതികള്‍. കേസിലെ അഞ്ചാം പ്രതി മാപ്പു സാക്ഷിയായിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുന്‍പാകെയാണ് കേസിന്റെ വിചാരണ നടന്നത്.
കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതു നിയമപ്രകാരം അല്ലെന്ന് ഇന്നലെ നടന്ന അന്തിമവാദത്തില്‍ പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തു. 2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു ബോംബ് സ്‌ഫോടനം. മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബു വച്ചാണ് സ്‌ഫോടനം നടത്തിയത്. ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.
രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയാണ് കളക്ടറേറ്റ് വളപ്പില്‍ ബോംബ് വച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ബസില്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കളക്ടറേറ്റ് വളപ്പില്‍ എത്തി ബോംബ് വയ്ക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതികള്‍.
പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചിരുന്നു. 109 രേഖകളും 24 മെറ്റീരിയല്‍ ഒബ്ജക്ടസും ഹാജരാക്കി. കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥ്, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഷാനവാസ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here