കൊല്ലം: കാഷ്യൂ കോര്‍പ്പറേഷനില്‍ 500 തൊഴിലാളികളെ കൂടി പുതിയതായി നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കട്ടിംഗ്, പീലിംഗ്, ഗ്രേഡിംഗ് വിഭാഗത്തിലാണ് പുതിയതായി തൊഴിലാളികളെ നിയമിക്കുന്നത്.
2025 ജനുവരിയില്‍ നിയമനം നല്‍കുന്നതിന് വേണ്ടി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തിട്ടുള്ളത്. തോട്ടണ്ടി കട്ടിംഗ് രംഗത്ത് പരിശീലനം ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഫാക്ടറിയില്‍ സ്‌കില്‍ ടെസ്റ്റ് നടത്തി മികവുള്ളവരെയാണ് ആ നിലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയതായി ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോര്‍പ്പറേഷന്റെ ഫാക്ടറികളില്‍ ഒരു മാസം പ്രത്യേക പരിശീലനവും നല്‍കും.
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി പരിപ്പ് വില്പന നടത്തിയ ഫ്രാഞ്ചൈസികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഡിസംബറില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്യും. 2024 വര്‍ഷത്തില്‍ ഏറ്റവും മികച്ച സേവനം നടത്തിയ തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
ദീപാവലിയോടനുബന്ധിച്ച് കാഷ്യൂ കോര്‍പ്പറേഷന്‍ വിപണിയില്‍ ഇറക്കുന്ന പുതിയ ഗിഫ്റ്റ് ബോക്‌സിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ എസ് ജയമോഹന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബി.എസ്. സുരന് നല്‍കി നിര്‍വഹിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോണ്‍ കെ, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ജി. ബാബു, ബി. സുജീന്ദ്രന്‍, അഡ്വ. ശൂരനാട് എസ്. ശ്രീകുമാര്‍, സജി ഡി. ആനന്ദ്, ബി. പ്രതീപ് കുമാര്‍, ഡോ. ബി. എസ്. സുരന്‍ എന്നിവര്‍ പങ്കെടുത്തു.