കരുനാഗപ്പള്ളിയില്‍ മോഷ്ടിച്ച ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി

Advertisement

കരുനാഗപ്പള്ളി.മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ചെന്നിറവിളയില്‍ അന്‍വര്‍ എന്ന് വിളിക്കുന്ന മുഹമ്മദ്(22) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാപോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ്‌ന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം സിറ്റി പരിധിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂം വാഹനം കരുനാഗപ്പള്ളിയില്‍ നിന്ന് തറയില്‍മുക്ക് ഭാഗത്തേക്ക് പോകുന്ന റോഡില്‍ സംശയാസ്പദമായി കണ്ട ബൈക്ക് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം 12.10.2024 ന് ഇടക്കുളങ്ങര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും മോഷണം പോയ വാഹനമാണെന്നും കണ്ടെത്തി. കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ സലീം, സിപിഒ അനീഷും കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വി, എസ്.ഐ ഷമീര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.