കരുനാഗപ്പള്ളി . പ്രകൃതി ദുരന്തം വിതച്ച വയനാടിന് സമാനതകളില്ലാത്ത സഹായവുമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ.
ദുരന്തത്തിനിയായ ആളുകളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച തുക സംസ്ഥാന ലൈബ്രറി കൗൺസിലിന് കൈമാറി. 25 ലക്ഷത്തി ഏഴായിരത്തി 118 രൂപയാണ് കൈമാറിയത്.സംസ്ഥാന ലൈബ്രറി കൗൺസിൽ വിഹിതം കൂടാതെ താലൂക്ക് ലൈബ്രറി കൗൺസിൽ ഒരു വീടും 10,000 പുസ്തക ശേഖരമുള്ള ഒരു ലൈബ്രറിയും നിർമ്മിച്ചു നൽകും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഒരോ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി, എൽപി സ്കൂളുകളിൽ വായനയെ പരിപോഷിപ്പിക്കുവാൻ നന്നായി വായിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ എന്നിവ നൽകലുമാണ് ‘കൈവിടില്ല, കരുനാഗപ്പള്ളി ‘ എന്ന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധുവിന് ഡോ സുജിത് വിജയൻപിള്ള എംഎൽഎ തുക കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി. സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളികൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വി പി ജയപ്രകാശ് മേനോൻ, വള്ളിക്കാവ് മോഹൻദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ പ്രദീപ്, എ സജീവ് തുടങ്ങിയവർ പങ്കെടുത്തു. കാലടി സംസ്കൃത സർവ്വകലാശാല മലയാള വിഭാഗത്തിൻ്റെ പാർവ്വെ മലയാള നാടകവേദി അവതരിപ്പിച്ച ‘അക്ഷരങ്ങൾക്ക് തിരിതെളിക്കുവിൻ’ എന്ന നാടകവും അരങ്ങേറി.
നാടിനെ നടുക്കിയ പ്രളയ ദുരന്തത്തിൽ 50 ലോഡ് സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10, 80 ,000 രൂപയും കോവിഡ് വാക്സിൻ ചലഞ്ചിൽ 5, 45,000 രൂപയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നല്കിയിരുന്നു.