ചിന്തയിലും സമീപനത്തിലും വിശ്വാസത്തിലും ഇടതുപക്ഷം വ്യത്യസ്തമാകണം: ബിനോയ് വിശ്വം

Advertisement


കരുനാഗപ്പള്ളി . ഏതെങ്കിലും അക്കാദമിയുടെ പിൻബലം ഇല്ലാതെ സമൂഹത്തെ പാഠശാലയാക്കി അതിൽ നിന്നും ഉൾകൊണ്ട അറിവിനാൽ നാടകത്തിന്റെ മർമ്മമറിഞ്ഞ നാടകക്കാരനായി മാറിയ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറവും ചേർന്ന് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശദാബ്ദി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോപ്പിൽ ഭാസിയെ സ്മരിക്കുക എന്നാൽ ഇന്നിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ട് നാളെയുടെ സ്വപ്നങ്ങളും പാട്ടുകളും നെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നവരായി മാറുക എന്നതാണ് പ്രധാനം. ഇടതുപക്ഷത്തെ സംബന്ധിച്ച് യഥാർത്ഥ യജമാനന്മാർ ജനങ്ങൾ ആകണം. ചിന്തയിൽ, വിശ്വാസത്തിൽ, സമീപനത്തിൽ എല്ലാം ഇടതുപക്ഷം വ്യത്യസ്തമായിരിക്കണം. ഇടതുപക്ഷവും വലതുപക്ഷവും ഒന്നല്ല എന്നും രണ്ടാണ് എന്നും തിരിച്ചറിയണം. ഈ സമീപനങ്ങൾ മനസ്സിലാക്കാനുള്ള പാഠശാല ജനങ്ങൾ ആയിരിക്കണം. ജനങ്ങളെ ആദരിക്കാനും അംഗീകരിക്കാനും പഠിക്കുക എന്നത് പ്രധാനമാണ്. ആർത്തിയും, ലാഭവും, കമ്പോളവും ചേർന്ന തത്ത്വശാസ്ത്രത്താൽ രൂപംകൊണ്ട സമൂഹത്തിൻ്റെ പോക്കിനെ ചെറുതേ തീരൂ. ആ കർത്തവ്യം ഇടതുപക്ഷം ഏറ്റെടുത്തേ മതിയാകൂ. ഇല്ലെങ്കിൽ വാക്കുകൾ ചോർന്നുപോയ ഇടതുപക്ഷമായി അത് മാറു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷനായി.വി പി ജയപ്രകാശ് മേനോൻ, അഡ്വ പി ബി ശിവൻ,വി വിജയകുമാർ, ശാന്താ തുളസീധരൻ,എ പ്രദീപ്, എ സജീവ്,എം എസ് താര എന്നിവർ പങ്കെടുത്തു. ജന്മശതാബ്ദി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ മുൻ എംഎൽഎ എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് “തോപ്പിൽ ഭാസി ദേശം വ്യക്തി വിചാര ലോകം” എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല, ഡോ സി ഉദയകല എന്നിവർ വിഷയാവതരണം നടത്തി. ഡോ സാബു കോട്ടുക്കൽ അധ്യക്ഷനായി. തോപ്പിൽ ഭാസിയും ചലച്ചിത്രലോകവും എന്ന വിഷയത്തിൽ പ്രൊഫ എ ജി ഒലീന, വി വിജയകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ ടി കെ സന്തോഷ് കുമാർ അധ്യക്ഷനായി. തുടർന്ന് തോപ്പിൽഭാസിയും കെപിഎസിയും എന്ന വിഷയത്തിൽ വി എസ് ബിന്ദു, ഇളവൂർ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ രാജു വള്ളികുന്നം അധ്യക്ഷനായി.

Advertisement