സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു

Advertisement

ചടയമംഗലം: സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി.പി.എം പോരേടം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പോരേടം വടക്കേലഴികത്ത് വീട്ടിൽ എം. രാധാകൃഷ്ണപിള്ളയാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് അർക്കന്നൂരിന് സമീപം ബൈക്കിനെ സ്വകാര്യ ബസ് മറികടക്കുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ മുൻഭാഗം ഹാൻഡിലിൽ തട്ടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ബസിനടിയിൽപ്പെട്ട രാധാകൃഷ്ണപിള്ളയുടെ ശരീരത്തിലൂടെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. പരേതനായ മാധവൻ പിള്ളയുടെയും ഓമനയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം. ബാബുരാജിന്റെ സഹോദരനാണ്.