ഛത്തീസ്ഗഡില്‍ സംസ്‌കാരം നടത്തിയ മൂന്ന് മൃതദേഹങ്ങള്‍ വീണ്ടും കേരളത്തില്‍ എത്തിച്ച് സംസ്‌കരിച്ചു

Advertisement

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡ് കോര്‍ബ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അടക്കിയ ബന്ധുക്കളായ മൂന്ന് പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കേരളത്തിലെ വ്യത്യസ്ത പള്ളികളില്‍ വീണ്ടും അടക്കം ചെയ്തു. കോട്ടപ്പുറം പള്ളിവടക്കേതില്‍ പരേതനായ സി. മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു, മകള്‍ സുനി കോശിയുടെ ഭര്‍തൃപിതാവ് മാത്യു വൈദ്യന്‍, മാത്യു വൈദ്യന്റെ മറ്റൊരു മരുമകള്‍ സൂസന്‍ വര്‍ഗീസ് എന്നിവരുടെ മൃതദേഹമാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുറത്തെടുത്ത് കേരളത്തില്‍ എത്തിച്ച് വീണ്ടും അടക്കിയത്. മാത്യു വൈദന്‍ 2001ലും സൂസി വര്‍ഗീസ് 2008ലും ചിന്നമ്മ മാത്യു 2014ലും ആണ് മരിച്ചത്. മൂവരുടെയും മൃതദേഹം ചത്തീസ്ഗഡ് കോര്‍ബ ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് അടക്കം ചെയ്തിരുന്നത്.
ചിന്നമ്മ മാത്യുവിന്റെ മകള്‍ സുനി കോശിയും ഭര്‍ത്താവ് കോശിയും ഛത്തീസ്ഗഡിലെ കമ്പനിയില്‍ നിന്ന് വിരമിച്ചു. സ്വന്തം നാടായ തേവലക്കരയില്‍ സ്ഥിര താമസമാക്കുന്നതു കൊണ്ടാണ് ഉറ്റവരുടെ മൃതദേഹങ്ങള്‍ അവിടുത്തെ നിയമ പ്രകാരം കല്ലറ പൊളിച്ചു എടുത്ത് കേരളത്തിലെത്തിച്ചത്.
ചിന്നമ്മ മാത്യുവിന്റെ ഭൗതിക അവശിഷ്ടം ഇന്നലെ 4ന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇങ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും, മാത്യു വൈദ്യന്റത് തേവലക്കര ഓര്‍ത്തഡോക്‌സ് പള്ളിയിലും അടക്കം ചെയ്തു. സൂസന്‍ വര്‍ഗീസിന്റെ മൃതദേഹവും തേവലക്കരയിലാണ് അടക്കിയത്. കോര്‍ബോ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നിന്ന് എഡിഎമ്മിന്റെയും റവന്യു വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് മൃതദേഹ അവശിഷ്ടം പുറത്തെടുത്തത്.
ചിന്നമ്മ മാത്യുവിന്റെ ഭര്‍ത്താവ്: പരേതനായ മാത്യു. മക്കള്‍: പൊന്നച്ചന്‍, ബെന്നി കോട്ടപ്പുറം (മാധ്യമ പ്രവര്‍ത്തകന്‍), ബെഞ്ചമിന്‍, സുനി കോശി, പരേതയായ മിനി ജോണ്‍.
മാത്യുവൈദ്യന്റെ മക്കള്‍: മത്തായി വൈദ്യന്‍, തോമസ് വൈദ്യന്‍, വര്‍ഗീസ് വൈദ്യന്‍, കോശി വൈദ്യന്‍. സുസമ്മ ഭര്‍ഗീസിന്റെ ഭര്‍ത്താവ്: വര്‍ഗീസ് വൈദ്യന്‍. മക്കള്‍: പ്രിനി വര്‍ഗീസ്, പ്രബിന്‍ വര്‍ഗീസ്.