അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. ഡിബി കോളജിലെ ലൈബ്രേറിയനും പൊതുപ്രവര്‍ത്തകനുമായ ഡോ.പിആര്‍ ബിജു ആണ് ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയത്.

ഒക്ടോബര്‍ 20ന് ആണ് സംഭവം. ബിജുവിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന മകള്‍ക്ക് തിരുവനന്തപുരത്തുവച്ച് സ്‌കൂട്ടറില്‍ നിന്നും വീണ് പരുക്കേറ്റിരുന്നു. മെഡിക്കല്‍കോളജില്‍ പ്രാഥമിക ചികില്‍സ നടത്തി വിട്ടയച്ച കുട്ടിക്ക് രാത്രി വീട്ടില്‍ വച്ച് മുറിവില്‍ അമിതമായ വേദന അനുഭവപ്പെട്ടു. വേദന അതീവ ഗുരുതരമാകയാല്‍ ബിജു കുട്ടിയുമായി താലൂക്കാശുപത്രിയില്‍ പുലര്‍ച്ചെ നാലിനെത്തി. ഡോക്ടറെ സമീപിച്ചപ്പോള്‍ നാളെ ഒപിയില്‍ എത്തികാണിക്കാന്‍ പറഞ്ഞ് മടക്കാന്‍ ശ്രമിച്ചു. രോഗിയെ പരിശോധിക്കാന്‍ തയ്യാറായില്ല. പിന്നീട് ചികില്‍സിക്കാത്തതിന് കാരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ ചീട്ട് വാങ്ങി കുറേ മരുന്നുകള്‍ എഴുതി നല്‍കുകയും എക്‌സ്‌റേക്ക് എഴുതുകയും ചെയ്തു. ഡോക്ടറുടെ പെരുമാറ്റവും പരിശോധിക്കാതെ മരുന്നെഴുതിയതും മൂലം ഇവര്‍ പുറത്ത് സ്വകാര്യാശുപത്രിയിലേക്കുപോയി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവില്‍നിന്നും കല്ലുകള്‍പുറത്തെടുക്കുകയും പരുക്കുകളില്‍ മരുന്നുവച്ച് കെട്ടുകയും ചെയ്തു. മുറിവു പഴുത്തനിലയിലായിരുന്നു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ബിജു പരാതി നല്‍കിയത്. ഈ ഡോക്ടര്‍ രോഗികളോട് വളരെ മോശമായി പെരുമാറുന്നതായി നിരവധി പരാതികളുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണണെന്നും നടപടിസ്വീകരിക്കണണെന്നും ബിജു ആവശ്യപ്പെട്ടു.

ARTISTIC IMAGE , BY META

Advertisement