കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ കാടുമൂടിയ നിലയില്‍. വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് പ്രദേശം. മാലിന്യം തള്ളലും വ്യാപകമാകുന്നു. വീടുകളിലെയും കടകളിലെയും മാംസാവശിഷ്ടം ഉള്‍പ്പെടെ കനാലുകളിലും പരിസരത്തും തള്ളുകയാണ്. മലമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും കൊതുക് ശല്യവും രൂക്ഷമാണ്. കനാലില്‍ കെട്ടികിടക്കുന്ന വെള്ളം ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്.
കാടും മാലിന്യവും കാരണം ജില്ലയില്‍ പലയിടത്തും കനാല്‍ തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. മുന്‍പ് കനാലില്‍ വെള്ളം തുറന്നു വിടുന്നതിന് മുമ്പ് ഉള്‍വശം ശുചീകരിക്കാറുണ്ടായിരുന്നു. അടുത്ത കാലത്തായി ഫണ്ടില്ലെന്ന് പറഞ്ഞ് കെഐപി കനാലുകള്‍ വൃത്തിയാക്കാറില്ല. ജനങ്ങള്‍ നേരിടുന്ന ദുരിതം കണക്കിലെടുത്ത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ പരിസരങ്ങള്‍ വൃത്തിയാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.