കരുനാഗപ്പള്ളിഃ കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയിൻമേൽ പോലീസ് കേസെടുത്തു.പരാതിക്കാരിയുടേയും കോട്ടയിൽ രാജുവിൻേറയും മൊഴി പോലീസ് രേഖപ്പെടുത്തി.ചെയർമാൻ നിരന്തരമായി ചേംബറിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചെന്നും യാത്ര പോകാൻ ക്ഷണിച്ചെന്നും കരൾ രോഗിയായ ഭർത്താവിൻെറ ചികിൽസ നോക്കിക്കൊള്ളാമെന്ന് പറഞ്ഞെന്നും മറ്റുമുള്ള ആരോപണങ്ങളാണ് പട്ടികജാതി വിഭാഗക്കാരി കൂടിയായ യുവതി ഉന്നയിച്ചിട്ടുള്ളത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൻമേലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുള്ളത്.
എന്നാൽ പാർടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ഈ ആരോപണമെന്നാണ് പുതിയ ആക്ഷേപം.കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി അര ഏക്കർ കായൽ കയ്യേറിയത് നഗരസഭയും റവന്യൂ വിഭാഗവും കഴിഞ്ഞ മാസം അളന്ന് തിട്ടപ്പെടുത്തിയിരുന്നു.പാർടി സമ്മേളനങ്ങൾ നടക്കുന്നതനിടെയുണ്ടായ ഈ നടപടിയാണ് ചെയർമാനെതിരായ പൊടുന്നനെയുള്ള പരാതിക്ക് പിന്നിലെന്നാണ് വസന്തൻ പക്ഷം ആരോപിക്കുന്നത്.കൂടാതെ ഹരിതകർമ്മ സേനാംഗങ്ങൾ അടുത്തിടെ നടത്തിയ വിനോദയാത്രയിൽ ആരോഗ്യ വകുപ്പിലെ ഒരു ജീവനക്കാരി നൃത്തം ചെയ്യുന്ന വീഡിയോ കൂട്ടത്തിലൊരാൾ പകർത്തി സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ പക്ഷക്കാരിയായ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന് അയച്ചത് അവർ ഇപ്പോഴത്തെ പരാതിക്കാരിക്ക് അയച്ചുവത്രേ.അത് പിന്നീട് നഗരസഭാ ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ നൃത്തം ചെയ്ത ജീവനക്കാരി ഇപ്പോഴത്തെ പരാതിക്കാരിക്കെതിരെ കരുനാഗപ്പള്ളി പോലീസിൽ നൽകിയിരുന്നു.എന്നാൽ സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ട് പരാതി ഒത്തുതീർപ്പാക്കിയെന്ന് പറയപ്പെടുന്നു.തുടർന്ന് ഇപ്പോഴത്തെ പരാതിക്കാരിയെ ചെയർമാൻ താഴത്തെ നിലയിലേക്ക് സ്ഥലം മാറ്റി.പിന്നീട് അവർ ജോലിക്ക് ഹാജരായിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ അടുപ്പക്കാരി കൂടിയായ ഇവർ പൊടുന്നനെ ലൈംഗിക പരാതിയുമായി രംഗത്തെത്തുകയായിരുന്നുവെന്നുമാണ് ചെയർമാനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.കൂടാതെ സംഭവം നടന്ന തീയതിയോ സമയമോ പോലും പരാതിയിലില്ല.അതിനാൽ തന്നെ പരാതി വ്യാജനിർമ്മിതിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ചെയർമാന് അനുകൂലമായി ഉയരുന്ന വാദം..കരുനാഗപ്പള്ളിയിൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ വസന്തൻ വിഭാഗത്തിലെ പ്രമുഖനെതിരെയുള്ള ലൈംഗികാരോപണം വരാനിരിക്കുന്ന പാർടി സമ്മേളന വേദികളിൽ കത്തിപ്പടരുമെന്നുറപ്പാണ്.