വെളിച്ചിക്കാലയിൽ സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം വെളിച്ചിക്കാലയിൽ സഹോദരനെ അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്നു.കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസാണ് കൊല ചെയ്യപ്പെട്ടത്.സംഭവത്തിൽ 4 പേർ പിടിയിൽ. കൊലപാതകത്തിൻ്റെ സി സി ടി വി ദ്യശ്യങ്ങൾ പുറത്ത്.

ഇന്നലെ രാത്രിയിൽ നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചിരുന്നു.ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. സഹോദരനെ അക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു.

രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു. തുടർന്ന് നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതികളെ കൊല്ലം ബീച്ചിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ അൻസാരി, നൂറുദ്ദീൻ, സദ്ദാം, ഷെഫീഖ് അടക്കം നാലുപേരാണ് പോലീസ് പിടിയിലായത്.