മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി സ്കൂട്ടര്‍ യാത്രികയെ കൊന്ന കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

Advertisement

കൊച്ചി. മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റി സ്കൂട്ടര്‍ യാത്രികയെ കൊന്ന കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ചന്ദനമോഷണം അടക്കം കേസുകളില്‍പ്രതിയായ ഇയാളെ പുറത്തുവിടുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് മാത്രമല്ല മോശം സന്ദേശമാകുമെന്നും കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകരും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചതോടെ കേസ് 12ന് വിശദവാദം കേള്‍ക്കാനായി മാറ്റി.

കുഞ്ഞുമോളുടെ അഭിഭാഷകരുടെ അപേക്ഷപ്രകാരം കേസില്‍ കക്ഷിചേരാന്‍ ഹൈക്കോടതി അനുമതി നല്‍കി. വാദമുഖങ്ങള്‍ രേഖാമൂലം അടുത്ത അവധിക്ക് അവതരിപ്പിക്കണം.

തിരുവോണ ദിവസം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ആണ് മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത നടന്നത്. ബന്ധുവായ യുവതിക്കൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അജ്മല്‍ ഓടിച്ച കാര്‍ അമിത വേഗതയില്‍ ഇടിച്ചുവീഴ്ത്തിയത്. കാറിനുമുന്നില്‍ കു‍ഞ്ഞുമോള്‍ വീണുകിടന്നത് കണ്ട് അവരെ എടുക്കാനായി ഓടിയെത്തിയ നാട്ടുകാര്‍ വിലക്കിയിട്ടും അജ്മലും കാറിലുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും ചേര്‍ന്ന് കാര്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ പായിച്ച് കടന്നുപോയി. ഇവരെ നാട്ടുകാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. കാര്‍കയറി ഗുരുതരമായി മുറിവേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ മരിച്ചു. കാറിലിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്നും ഇവര്‍ രാസലഹരി അടക്കം ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതായും കണ്ടെത്തി.

ശ്രീക്കുട്ടിക്ക് സെഷന്‍സ് കോടതി പിന്നീട് ജാമ്യം നല്‍കി. അഭിഭാഷകരായ ജി അജയകുമാര്‍,കണിച്ചേരി സുരേഷ്,അനൂപ് കെ ബഷീര്‍ എന്നിവരാണ് കുഞ്ഞുമോള്‍ക്കായി പ്രത്യേക ഹര്‍ജിയുമായി എത്തിയത്

Advertisement