കൊല്ലം. അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വിവിധ ഏജൻസികൾ പരിശോധന ആരംഭിച്ചു.
ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്, കുഫോസ് , കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ടുമെൻ്റ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘം ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിൾ ശേഖരിച്ചു. അതേസമയം ജലോപരിതലത്തിൽ എണ്ണമയമുള്ള പാട തെളിഞ്ഞുതുടങ്ങി. വലിയതോതിൽ മത്സ്യങ്ങൾചത്ത കടവൂർ കൊയ്പ്പള്ളി, മണ്ണാശ്ശേരി ഭാഗങ്ങളിലാണ് തിളക്കമുള്ള പാട കാണപ്പെട്ടത്. രൂക്ഷ ഗന്ധമുള്ള ഇത് രാസമാലിന്യത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ചത്ത മത്സ്യങ്ങളെ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ കായലിൽ നിന്ന് നീക്കി മറവുചെയ്തു. ശനിയാഴ്ച മുതലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വട്ടമത്തി എന്നറിയപ്പെടുന്ന ഞുണ്ണ എന്ന മത്സ്യമാണ് കൂടുതലായ് ചത്തത്. കരിമീൻ, പള്ളത്തി, ചില്ലാങ്കൂരി, കോലാൻ , ചൂട, മുരൽ തുടങ്ങിയ മത്സ്യങ്ങളും ചത്തിട്ടുണ്ട്.