വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: റേഷന്‍ കടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അമ്പത്തെട്ടുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റിലായി. ഓച്ചിറ, ഞക്കനാല്‍ അനന്തു ഭവനത്തില്‍ അനന്തു(28), ഓച്ചിറ, പായിക്കുഴി, രഞ്ജുഭവനത്തില്‍ അനു(27) എന്നിവരെയാണ് ഓച്ചിറ
പോലീസ് അറസ്റ്റ് ചെയ്യ്തത്. ഓച്ചിറ പായിക്കുഴി സ്വദേശിയായ സുഗതനെയാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സെപ്തംബര്‍ 24ന് വൈകിട്ട് 4-ഓടെ പായിക്കുഴി തോപ്പില്‍ മുക്കിലെ റേഷന്‍ കടയില്‍ മസ്റ്ററിങ്ങിനായ് എത്തിയതാണ് സുഗതന്‍. ഈ സമയം ഇവിടെ എത്തിയ പ്രതികള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കിയപ്പോള്‍ വിവരം പോലീസില്‍ അറിയിക്കാന്‍ കടയുടമയോട് സുഗതന്‍ പറഞ്ഞു. ഈ വിരോധത്തില്‍ പ്രതികള്‍ സുഗതനുമായി വാക്ക് തര്‍ക്കത്തില്‍
ഏര്‍പ്പെടുകയും ചീത്ത വിളിച്ചുകൊണ്ട് കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിടിച്ച് മാറ്റാന്‍ ശ്രമിച്ച സുഗതന്റെ ഭാര്യയേയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്‌തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.