പുത്തൂരില്‍ അമ്മായിഅമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവം; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്

Advertisement

കൊല്ലം: പൂത്തൂര്‍ പൊങ്ങന്‍പാറയില്‍ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മയെ (69) പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മരുമകള്‍ ഗിരിതകുമാരി (45) യെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവായി.
രമണിയമ്മയുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. അയല്‍വാസിയായ യുവാവുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള വിരോധത്തെ തുടര്‍ന്നാണ് കൊലപാതകംനടത്തിയത്. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് നിന്ന് പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബോധരഹിതയായ രമണിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വച്ച് മരണം നടക്കുകയാണ് ഉണ്ടായത്. 1-00 സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു പോയിരുന്നു. സാഹചര്യതെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍, ശൈലേഷ് കുമാര്‍, എസ്.ഐ രതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായി സിപിഒ ദീപ്തി ആയിരുന്നു.

Advertisement