കൊട്ടാരക്കര: വിലങ്ങറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ടി ഉത്സവത്തിന് ഒരുക്കങ്ങളായി. നവംബര്‍ 1-നാണ് സ്‌കന്ദ ഷഷ്ടി വ്രതം ആരംഭിക്കുന്നത് ക്ഷേത്രത്തില്‍
പ്രസിദ്ധമായ പാല്‍ക്കുടം എഴുന്നള്ളത്തിനുള്ള വെള്ളികുടം ആചാരനുഷ്ടാനങ്ങളോടെ സ്ത്രീകള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പൂജിച്ചുകൊണ്ടു വന്ന വെള്ളികുടം ഭക്തയ്ക്ക് കൈമാറുകയായിരുന്നു. ഷഷ്ടി ദിവസം ഇതിലാണ് പാല്‍ കൊണ്ടു വരുന്നത്. അകമ്പടിയായി നൂറോളം സ്ത്രീകള്‍ മറ്റ് കുടങ്ങളില്‍ പാല്‍ നിറച്ചു എത്തും.
ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് പകല്‍ 11-ഓടെയാണ് പാല്‍ക്കുടം എഴുന്നള്ളത്ത് ആരംഭിക്കുന്നത്. വിലങ്ങറ ക്ഷേത്രത്തില്‍ ഇത് അഭിഷേകം നടത്തും. തുടര്‍ന്ന് ദേവരഥ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1-നാണ് ഷഷ്ടി പൂജയും ദീപാരാധനയും. രാത്രി 7ന് നടക്കുന്ന പുഷ്പാഭിഷേകവും ഭസ്മാഭിഷേകത്തോടെയുമാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്.
ഷഷ്ടിയുടെ ഭാഗമായി ഒരു ലക്ഷത്തോളം പടച്ചോറാണ് ദേവന് സമര്‍പ്പിക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളായി. ഇരുപതോളം പൂജാരിമാരുടെ നേതൃത്വത്തിലാണ് പടച്ചോര്‍ ഒരുക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഇത് ഭക്തര്‍ക്ക് വിതരണം ചെയ്യും. തിരക്ക് കുറയ്ക്കാനായി ഒന്നിലധികം കൗണ്ടറുകള്‍ വിതരണത്തിനായി ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നടക്കുന്ന പഞ്ചാമൃത അഭിഷേകത്തോടെയാണ് പൂജാ ചടങ്ങുകള്‍ തുടങ്ങുന്നത്. സ്‌കന്ദ പുരാണ പാരായണം, അഖണ്ഡ നാമ ജപം, ഐശ്വര്യ പൂജ എന്നിവയും ഉണ്ട്.