കൊല്ലം: ബിഎസ്എന്‍എല്‍ റിട്ട. ജനറല്‍ മാനേജര്‍ പാപ്പച്ചനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നാം പ്രതിയായ തേവള്ളി ചേരിയില്‍ ഓലയില്‍ കാവില്‍ വീട്ടില്‍ സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സംഭവത്തില്‍ സരിതയ്ക്ക് പങ്കില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അവരുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടയ്ക്കല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. നേരത്തെയും സരിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സരിതയുടെ ക്വട്ടേഷന്‍ പ്രകാരം മേയ് 23ന് പാപ്പച്ചനെ ആശ്രാമത്ത് വച്ച് അനിമോന്‍ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആദ്യം അപകടമരണമായാണ് കരുതിയിരുന്നത്. സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ പാപ്പച്ചന്റെ മകള്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.