കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ നവംബര്‍ നാലിന് വിധി പറയും. അന്നേ ദിവസം പ്രതികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 29ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്ന കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വാദം തുടരുകയായിരുന്നു.
അന്വേഷണ സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നതിന്റെയും പരസ്പരം ഫോണ്‍ വിളിച്ചതിന്റെയും വാട്‌സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ചും കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥ്, പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസ്, ഉണ്ണികൃഷ്ണമൂര്‍ത്തി എന്നിവര്‍ ഹാജരായി. 2016 ജൂണ്‍ 15ന് രാവിലെ കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27), ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍.