ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള സർവ്വകലാശാല സെനറ്റ് അംഗവും കൊല്ലം എസ്. എൻ. കോളേജ് അധ്യാപകനുമായ അധീശ് യു. മുഖ്യപ്രഭാഷണം നടത്തി. ഡോ.ടി. മധു അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യാപിക രജനി ആർ. ആർ. എഴുതിയ ‘ഉന്മാദിനിയുടെ അക്ഷരങ്ങൾ’ എന്ന കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു. സംഗീത ഇ.എൽ. പുസ്തകം പരിചയപ്പെടുത്തി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ ‘ഛായാമുഖി’ എന്ന കയ്യെഴുത്ത് പുസ്തകം ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു. കേരളം വിഷയമായെടുത്ത് കോളേജിലെ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ സന്ദീപ് സന്തോഷ്, അർച്ചന ആനന്ദ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും മലയാള വിഭാഗത്തിലെ അഞ്ജലി എ., ഗൗരി നന്ദന ജെ. എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും മാത്തമാറ്റിക്സ് വിഭാഗത്തിലെ അമൽ എ., അമൃത ബി. എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ബോട്ടണി വിഭാഗം അധ്യക്ഷൻ ഡോ.ഗീതാകൃഷ്ണൻ നായർ കവിത ചൊല്ലി. മലയാളവിഭാഗം വിദ്യാർത്ഥികളുടെ മികച്ച കലാപരിപാടികൾ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. രാഗി ആർ.ജി., ഡോ. സുനിത കെ., ഡോ. സുമി സുരേന്ദ്രൻ, രജനി ആർ.ആർ. എന്നിവർ സംസാരിച്ചു.