കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍. കൊല്ലം തേവള്ളി ഫൈസല്‍ മന്‍സിലില്‍ ഫൈസലാണ്(35) കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ബുള്ളറ്റ് വാഹനങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ആദിനാട് പുത്തന്‍ചന്ത സ്വദേശി സലീമിന്റെ വാഹനമാണ് ഇയാള്‍ മോഷ്ടിച്ചെടുത്തത്.
കഴിഞ്ഞ മാസം 21നാണ് മോഷണം നടന്നത്. ബസ് സ്റ്റാന്‍ഡിന് സമീപത്തായി സലീം പൂട്ടി സൂക്ഷിച്ചിരുന്ന വാഹനം ഫൈസല്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. സലീമിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ തിരുവനന്തപുരം ഭാഗത്ത് മോഷ്ടിക്കപ്പെട്ട വാഹനം എത്തിയിട്ടുള്ളതായി വിവരം ലഭിച്ചു.
തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വ്യക്തമായ ചിത്രം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുമ്പും സമാനമായ കുറ്റകൃത്യത്തിന് കരുനാഗപ്പള്ളിയിലും, ശൂരനാട് പോലീസ് സ്റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വിയുടെ നേത്യത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍,കണ്ണന്‍,ഷാജിമോന്‍,പ്രകാശ്, എസ്.സി.പി.ഒ മാരായ ഹാഷിം,രാജീവ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.