കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കാപ്പാകേസ് പ്രതി പോലീസിന്റെ പിടിയിലായി. പട്ടരുമുക്ക് വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ്(32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊട്ടിയത്തെ ഒരു പെറ്റ് ഷോപ്പിലെ ജീവനക്കാരനായ ചവറ, പന്മന സ്വദേശി അജിത്തിനെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അജിത്ത് ജോലി ചെയ്യുന്ന പെറ്റ് ഷോപ്പിന് മുന്നില്‍ ഈ കടയിലെത്തിയ ആളുടെ വാഹനം പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ പ്രതിയായ റഫീക്കിന്റെ ഓട്ടോറിക്ഷ റോഡിലെ ചെളിവെള്ളത്തിലൂടെ ഓടിച്ച് പോകേണ്ടതായി വന്നു. ഈ വിരോധത്തെ തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം തിരികെ എത്തിയ ഇയാള്‍ കടയുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി അജിത്തുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് അജിത്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച, അജിത്തിന്റെ സുഹൃത്തായ ബിപിനേയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
ആക്രമണത്തില്‍ അജിത്തിന്റെ ഇടത് തോളില്‍ ആഴത്തില്‍ മുറിവേറ്റു. അജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ അടക്കമുള്ള നിയമനടപടികള്‍ മുമ്പ് സ്വീകരിച്ചിട്ടുണ്ട്. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനിലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.