കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നു പ്രതികളുടെ ശിക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഇന്ന് വിധിക്കും. ശിക്ഷയിന്മേലുള്ള അന്തിമവാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
നിരോധിത തീവ്രവാദ സംഘടനയായ ബേസ്മൂവ്മെന്റ് ഭീകരരായ തമിഴ്നാട് മധുര കീഴാവേളി സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു.
ബെംഗളൂരു അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലുള്ള വിധിയും ഇന്ന് ഉണ്ടായേക്കും. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതികള്‍. വിചാരണയ്ക്കിടെ ഒന്നും രണ്ടും പ്രതികള്‍ കോടതിയുടെ ജന്നല്‍ ഗ്ലാസ് അടിച്ചു പൊട്ടിച്ച കേസും കോടതിയുടെ പരിഗണനയിലുണ്ട്. മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനക്കേസുകളിലും പ്രതികളാണ് ഇവര്‍.
2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു കൊല്ലം സ്ഫോടനം. കളക്ടറേറ്റ് പരിസരത്തെ ജില്ലാ ട്രഷറിക്ക് പിന്‍വശത്ത് മുന്‍സിഫ് കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ കെഎല്‍ 1 ജി 603 എന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.