കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വഴിപാട് രസീത് പണം അടയ്ക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ആരംഭിച്ചു. ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും ഇനി ക്യൂആര്‍ കോഡ് സംവിധാനത്തില്‍ പണം അടയ്ക്കാമെന്നും ആദ്യ ഘട്ടം എന്നനിലയില്‍ 100 ക്ഷേത്രങ്ങളില്‍ ഈ സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കമ്പനിയായ എന്‍ഐസി ടെമ്പിള്‍ സോഫ്റ്റ് വെയര്‍ വഴിപാട് ടൈപ്പിംഗ് മെഷീന്‍ സംവിധാനം കൂടി വരും മാസങ്ങളില്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആവിഷ്‌കരിക്കും. ഇത് ദേവസ്വത്തിലെ വരുമാന ചോര്‍ച്ചയും അഴിമതിയും കുറയ്ക്കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഒ.ജി ബിജു, അസി. ദേവസ്വം കമ്മീഷണര്‍ സൈനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുഷമ, ധനലക്ഷ്മി ബാങ്ക് റീജണല്‍ മാനേജര്‍ വി.വി ശ്രീകാന്ത്, ബ്രാഞ്ച് മാനേജര്‍ കെ.ജി വിനോദ്, പടിഞ്ഞാറ്റിന്‍കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാര്‍, ഗണപതി ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.