കൊട്ടാരക്കര: നിലം കരയാക്കി മാറ്റുന്നതിനായി താലൂക്കില്‍ ലഭിച്ച ഭൂമി തരംമാറ്റ അപേക്ഷയുടെ തീര്‍പ്പാക്കല്‍ അദാലത്ത് തുടങ്ങി. താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. തരം മാറ്റ വിഭാഗം ചുമതലയുള്ള ഡെ
പ്യൂട്ടി കളക്ടര്‍ ബീനാറാണി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീഷ്യ, തഹസീല്‍ദാര്‍ മോഹനകുമാരന്‍ നായര്‍, ഭൂരേഖ തഹസീല്‍ദാര്‍ ജി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ ഭൂമി തരം മാറ്റ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന നടപടിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്.
25 സെന്റ് വരെ വിസ്തീര്‍ണമുള്ള സൗജന്യ തരം മാറ്റത്തിനര്‍ഹതയുള്ള ഭൂമി തരംമാറ്റ അപേക്ഷകളും തെറ്റായി ഡേറ്റാ ബാങ്കിലുള്‍പ്പെട്ട ഭൂമിയെ ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കുന്നതിനായി ഫോറം 5ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുള്‍പ്പെടെയുള്ളവയാണ് അദാലത്ത് പരിഗണിച്ചത്.
താലൂക്കിന്റെ പരിധിയില്‍പെട്ട 27 വില്ലേജുകളിലൂടെ 6306 അപേക്ഷകളാണ് ഓണ്‍ലൈനിലൂടെയും നേരിട്ടും ലഭിച്ചിട്ടുള്ളത്. ഇതില്‍ 1845 അപേക്ഷകള്‍ നേരത്തെ തീര്‍പ്പായിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ അദാലത്തില്‍ 90 അപേക്ഷകളിലും തീര്‍പ്പുണ്ടാക്കി. ബാക്കിയുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 നകം തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.