നാട്ടുകാര്‍ക്ക് ഭീഷണിയായ മലയണ്ണാനെ വനപാലകര്‍ പിടികൂടി

Advertisement

കുളത്തൂപ്പുഴ: രണ്ട് മാസത്തിലേറെയായി നാടിനും പൊതുജനങ്ങള്‍ക്കും ഭീഷണിയായി മാറിയ മലയണ്ണാനെ വനപാലകര്‍ പിടികൂടി. ചോഴിയ്‌ക്കോട് മില്‍പ്പാലം ഭാഗത്തെ മരച്ചില്ലകളില്‍ വാസമുറപ്പിച്ചിരുന്ന മലയണ്ണാന്‍ പ്രദേശവാസികളായ മൂന്നുപേരെ ആക്രമിക്കുകയും കര്‍ഷക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ചോഴിയക്കോട് സ്വദേശികളായ സുദേവന്‍, അബിന്‍, സലീം എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പാലോട് നിന്ന് ദ്രുതകര്‍മ്മ സേന എത്തി കെണിയൊരുക്കിയാണ് മലയണ്ണാനെ പിടികൂടിയത്. പിടികൂടിയ മലയണ്ണാനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസര്‍ അരുണ്‍ പാലോട്, റെയിഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ അജിത് കുമാര്‍, അശ്വതി, അമല്‍ കൃഷ്ണന്‍, മണിരാജന്‍, സജീവ്, ശശാങ്കന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് മലയണ്ണാനെ പിടികൂടിയത്.