കരുനാഗപ്പള്ളി: ദേശീയപാതാ വികസനത്തിൻ്റെ പേരിൽ അശാസ്ത്രീയവും കരാറുകൾ ലംഘിച്ചും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രതിഷേധ ബൈക്ക് റാലിയും പ്രചാരണ സംഗമങ്ങളും സംഘടിപ്പിച്ചു. ലാലാജി ജംഗ്ഷനിൽ നിന്നുമാരംഭിച്ച് വിവിധ ഭാഗങ്ങൾ ചുറ്റി ടൗണിൽ സമാപിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം സുധീർ ചോയ്സ് ഉൽഘാടനം ചെയ്തു. കന്നേറ്റി മുതൽ ഓച്ചിറ ഭാഗത്ത് വരെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറിക്കഴിഞ്ഞു. കുഴിച്ചെടുക്കുന്ന മണ്ണും വെള്ളവും ജെ.സി.ബി. ഉപയോഗിച്ച് കോരി റോഡിലേക്ക് തന്നെ ഇടുന്നത് നിരന്തരമായ അപകടമാണുണ്ടാക്കുന്നത്. കന്നേറ്റി മുതൽ ഓച്ചിറ വരെയുള്ള യാത്ര ദുരിത പൂർണ്ണമാണ്. ഈ ഭാഗം കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടി വരുന്നു. കൃത്യമായ മുൻകരുതലുകളില്ലാതെ നടത്തുന്ന പണികൾ വ്യാപാരികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുകയാണ്. പൊടിപടലങ്ങൾ സ്കൂൾ കുട്ടികളുൾപ്പടെയുള്ള യാത്രക്കാരെ രോഗികളാക്കി മാറ്റുന്നു. ഹൈവേ നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോഴും അനധികൃത തെരുവ് കച്ചവടം അനിയന്ത്രിതമായി തുടരുന്നു. ഇത് ലൈസൻസ് എടുത്ത് കടവാടക, വൈദ്യുതി ചാർജ്ജ്, തൊഴിൽ നികുതി, ജി.എസ്.ടി.തുടങ്ങിയവ നൽകി കച്ചവടം നടത്തുന്നവർക്കെതിരെയുള്ള വെല്ലുവിളിയാണ്. തെരുവ് കച്ചവടക്കാർക്ക് സർക്കാരും നഗരസഭയും മൗനാനുവാദം നൽകുകയും നികുതി അടയ്ക്കുന്ന വ്യാപാരികളെ പീഢിപ്പിക്കുകയുമാണ്. അസ്സോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജു ശേഖർ, ട്രഷറർ അനീസ് ചക്കാലയിൽ, ബാബു പുളിമൂട്ടിൽ, മുനീർ വേലിയിൽ, എം.കെ. ഷംനാദ്, ശ്രീജിത്ത് ദേവ്, ഹരികൃഷ്ണൻ, ഫൈസൽ, അനസ് സൈദ്, സിദ്ദീക്ക്, അമ്പുവിള ലത്തീഫ്, രാജീവ് ഈസ്റ്റ് ഇന്ത്യ, ഷിഹാബ്, ഹിജാസ്, പ്രശാന്ത്, സൈബു സാബു, മുഹമ്മദ് ഫൈസി, വനിതാ വിംഗ് പ്രസിഡൻ്റ് ഷീജ, സെക്രട്ടറി രാജി, ട്രഷറർ ഹന ഫാതിമ, ജവാദ് ഷാ, ഇജാസ്, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.