കുന്നത്തൂർ:തിരുവനന്തപുരത്തു നിന്നും കുന്നത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടി.നാണുമാസ്റ്റർ എംഎൽഎ ആയിരിക്കെ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച സർവ്വീസാണിത്.തലസ്ഥാനത്തു നിന്നും മെഡിക്കൽ കോളേജ് വഴി കുന്നത്തൂരിലേക്ക് ട്രാൻ.ബസ്സ് വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർവ്വീസ് ആരംഭിച്ചത്.
തിരുവനന്തപുരം ഡിപ്പോയിൽ നിന്നും വൈകിട്ടോടെ പുറപ്പെടുന്ന ബസ്സ് മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ,ചാത്തന്നൂർ,കൊട്ടിയം, കൊല്ലം,ചവറ,കരുനാഗപ്പള്ളി, മൈനാഗപ്പള്ളി,ശാസ്താംകോട്ട, ഭരണിക്കാവ് വഴി രാത്രി പത്തോടെ കുന്നത്തൂരിൽ എത്തുന്ന സ്റ്റേ സർവ്വീസായിരുന്നു.അടുത്ത ദിവസ്സം രാവിലെ ഏഴോടെ പുറപ്പെടുന്ന ബസ്സ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികൾക്കും തലസ്ഥാനത്ത് മറ്റ് ആവശ്യങ്ങൾക്കായി പോകുന്നവർക്കും ഉപകാരപ്രദമായിരുന്നു.കരുനാഗപ്പള്ളിയിൽ നിന്നും രാത്രിയിൽ ഭരണിക്കാവ് ഭാഗത്തേക്കുള്ള അവസാന സർവിസ് കൂടിയായതിനാൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.നിലവിൽ രാത്രി 7.30 കഴിഞ്ഞാൽ കരുനാഗപ്പള്ളിയിൽ നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്.ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
കുന്നത്തൂർ സ്‌റ്റേ സർവ്വീസ് കെഎസ്ആർടിസിക്ക് മികച്ച വരുമാനവും നേടിക്കൊടുത്തിരുന്നു.എന്നാൽ ഏതാനും വർഷം മുമ്പ് സർവ്വീസിന്റെ റൂട്ട് അധികൃതർ പരിഷ്ക്കരിക്കുകയുണ്ടായി.തിരുവനന്തപുരം റദ്ദാക്കിയ ശേഷം എറണാകുളം അമൃത എന്ന റൂട്ടിലേക്ക് സർവ്വീസ് മാറ്റുകയായിരുന്നു.തുടർന്ന് രാവിലെ എട്ടോടെ കരുനാഗപ്പള്ളിയിൽ നിന്നും കുന്നത്തൂരിലെത്തുന്ന ബസ്സ് ഉടൻ തന്നെ എറണാകുളത്തേക്ക് പോവുകയായിരുന്നു പതിവ്.നാട്ടുകാരുടെയും യാത്രക്കാരുടെയും അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ പരിഷ്ക്കരണം.എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇതും നിലച്ചു.ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്ക് പോകേണ്ടവർ വലയുകയാണ്.