കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തൂർ ഓയിൽ മില്ലിലെ ജീവനക്കാരി കുന്നത്തൂർ പടിഞ്ഞാറ് വിളയിൽ വീട്ടിൽ പങ്കജാക്ഷൻ നായരുടെ ഭാര്യ രമാദേവി (56)യുടെ ദാരുണാന്ത്യം നാടിന് നൊമ്പരമായി.കടവും പ്രാരാബ്ധങ്ങളും കൂടപ്പിറപ്പായിരുന്ന രമാദേവി ഇവിടെ ജോലിക്കെത്തിയത് ഒരു മാസം മുമ്പാണ്.കുന്നത്തൂർ കിഴക്ക് ചെറുകോൺ വയലിൽ ക്ഷേത്രത്തിൽ സഹായിയായി ജോലി നോക്കുമ്പോഴാണ് തരക്കേടില്ലാത്ത ശമ്പളത്തിൽ ഓയിൽ മില്ലിലേക്ക് മാറിയത്.ഓയിൽ മില്ലുകളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള ആളായിരുന്നു ഇവരെന്ന് ഉടമ പറയുന്നു.തിങ്കളാഴ്ച പകൽ 12 ഓടെ ഉടമ കടമ്പനാട്ടെ വീട്ടിലേക്ക് പോയ നേരത്താണ് അപകടം നടന്നത്.വിവരമറിഞ്ഞ് എത്തിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മില്ലിലെ ഹൈപവർ മെഷീനിൽ സാരി കുടുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.ഈ സമയം സ്ഥാപനത്തിലെത്തിയ ആളാണ് സംഭവം മറ്റുള്ളവരെ അറിയിക്കുന്നത്.മൃതദേഹം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റും.മക്കൾ:മണിലാൽ,ധന്യ.