വെളിനല്ലൂര്‍ മണികണ്ഠന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചു

Advertisement

ഓയൂര്‍: വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയുടെ 50-ാം പിറന്നാള്‍ ആഘോഷം വെളിനല്ലൂര്‍ ഗ്രാമത്തിന്റെ ഉത്സവമായി. 38 വര്‍ഷം മുന്‍പ് വെളിനല്ലൂര്‍ പിള്ളവീട്ടില്‍ പരേതനായ ഗോപിനാഥന്‍ നായര്‍ നടയ്ക്കിരുത്തിയതാണ് മണികണ്ഠനെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല, വൈക്കം, കൊട്ടാരക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും കൂടാതെ മറ്റു ചില സ്വകാര്യ ക്ഷേത്രങ്ങളിലും തിടമ്പേറ്റുന്നത് മണികണ്ഠനാണ്. 5 വര്‍ഷമായി ശബരിമല ഉത്സവത്തിന് കെട്ടുനിറച്ചാണ് മണികണ്ഠനെ കൊണ്ടുപോകുന്നത്. ഈ മണ്ഡലകാലത്തും മണികണ്ഠന്‍ ശബരിമലയിലെത്തും.
പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിന് സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് അണിയിച്ചൊരുക്കിയ മണികണ്ഠനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ക്ഷേത്ര സന്നിധിയിലെ ആനക്കൊട്ടിലേക്ക് ആനയിച്ചു. തുടര്‍ന്ന് മണികണ്ഠന് പിറന്നാള്‍ സമ്മാനമായി ശ്രീരാമസ്വാമിയുടെ ചിത്രം പതിച്ച നെക്ലേസും വെളിനല്ലൂര്‍ മണികണ്ഠന്‍ എന്നെഴുതിയ പതക്കവും നല്‍കി ആദരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശ്വന്‍ ദീപം തെളിയിച്ചും, കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. 50-ാം പിന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മണികണ്ഠനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് തിരുവാതിര പാട്ട് ചിട്ടപ്പെടുത്തുകയും മാതൃസമിതി അംഗങ്ങള്‍ മണികണ്ഠന്റെ മുന്നില്‍ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൈക്കൊട്ടികളിയും നടത്തി.
ക്ഷേത്രാങ്കണത്തില്‍ നടത്തിയ പൊതുസമ്മേളനം ദേവസ്വം ബോര്‍ഡ് അംഗം ജി സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് ടി.എസ്. രാഹുല്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷനര്‍ സുനില്‍കുമാര്‍, വെളിനല്ലൂര്‍ സബ് ഗ്രൂപ്പ് ഓഫിസര്‍ വൈശാഖ് കൃഷ്ണ, അസി. എന്‍ജിനീയര്‍ ആതിര കൃഷ്ണന്‍, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി വി.ഹരികുമാര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍ എം.ആര്‍.വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. ഗീത നല്‍കിയ തിരുമുഖവും ദേവസ്വം ബോര്‍ഡ് കോണ്‍ട്രാക്ടര്‍ എസ്.അജിത്കുമാര്‍ നല്‍കിയ ലോക്കറ്റും ക്ഷേത്രം ഉപദേശക സമിതി നല്‍കിയ ഏലസ് സമര്‍പ്പണവും നടത്തി.

Advertisement