മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ :പത്തിന വികസന അജണ്ട സമർപ്പിച്ചു

Advertisement

കല്ലട. മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് പത്തിന വികസന അജണ്ട തയ്യാറാക്കി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ചു.

പെരുമൺ, കണ്ണങ്കാട് പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ കൊല്ലത്തിനും കായംകുളത്തിനുമിടയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനായി മൺറോത്തുരുത്ത് മാറും. അതോടെ, കേരളടൂറിസം ഭൂപടത്തിലെ പ്രധാന പ്രദേശമെന്ന നിലയിൽ, മൺറോത്തുരുത്ത് അതി വേഗത്തിൽ കൊല്ലത്തിന്റെ ഉപഗ്രഹനഗരമായി രൂപാന്തരപ്പെടും . ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള വികസന അജണ്ടയാണ് കോസ് കൂട്ടായ്മ അധികൃതർക്ക് കൈമാറിയത്‌.

24 കോച്ച് വരെയുള്ള ട്രെയിൻ നിർത്താൻ കഴിയുന്ന വിധത്തിൽ പ്ലാറ്റ്ഫോമിന് നീളം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുക , പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവർബ്രിഡ്ജ് പണി വേഗത്തിൽ തുടങ്ങുക , പ്ലാറ്റ്ഫോമുകൾക്ക് റൂഫിങ് ഷെൽറ്ററും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, റെയിൽവേ ഇന്റർനെറ്റും വൈദ്യുതി കണക്ഷനും ലഭ്യമാക്കി ടിക്കറ്റ് വിതരണം നടത്തുക, ടിക്കറ്റ് ബുക്കിങ് റിസർവേഷൻ സംവിധാനം ആരംഭിക്കുക, മലബാർ എക്സ്പ്രസ്സ് ,മധുര – ഗുരുവായൂർ എക്സ്പ്രസ്സ് എന്നിവയുടെ സ്റ്റോപ് പുന:സ്ഥാപിക്കുക, വടക്കൻ കേരളത്തിലേക്ക് രാവിലെ പോകാൻ കഴിയുന്നവിധം ഷോർണൂർ വഴിയുള്ള ഏറനാട്, വേണാട്, പരശുറാം എക്സ്പ്രസ്സ്‌ എന്നിവയിൽ ഏതെങ്കിലും ഒരു ട്രെയിനിന് ഇരുദിശയിലും സ്റ്റോപ് അനുവദിക്കുക, ഡിവിഷണൽ അധികൃതർ ഉറപ്പ് നൽകിയ കണ്ണങ്കാട് -റെയിൽവേ സ്റ്റേഷൻ സർവീസ് റോഡ് പണി ഉടൻ ആരംഭിക്കുക, നിർദിഷ്ട തിരുവനന്തപുരം -എറണാകുളം, കൊല്ലം – തൃശൂർ, ഗുരുവായൂർ -മധുര വന്ദേ മെട്രോ ട്രെയിനുകൾക്ക് മൺറോത്തു രുത്തിൽ സ്റ്റോപ് അനുവദിക്കുക, റയിൽവേ സ്റ്റേഷന്റെ നിലവിലെ ഗ്രേഡ് ഉയർത്തുക എന്നിവയാണ് അജണ്ടയിലെ ഇനങ്ങൾ.

ഡൽഹിയിൽ റെയിൽവേ ബോർഡ്‌ അധികൃതർക്ക് പുറമെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും അജണ്ടയും വിശദറിപ്പോർട്ടും നൽകിയതായി ദ് കോസ് പ്രസിഡന്റ്‌ പി. വിനോദ്, സെക്രട്ടറി കെ.മഹേന്ദ്രൻ എന്നിവർ പറഞ്ഞു.

ആർ. അശോകൻ, കളത്തറ ശാന്തകുമാർ, എസ്. സോമരാജൻ, അലങ്ങാട്ട് സഹജൻ, എൻ.അംബുജാക്ഷപണിക്കർ, മംഗലത്ത് ഗോപാലകൃഷ്ണൻ, ഡി.ശിവപ്രസാദ്,വി.എസ്. പ്രസന്നകുമാർ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് അജണ്ട സമർപ്പിച്ചത്.

Advertisement