കൊട്ടിയത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

Advertisement

കൊട്ടിയം: ജോര്‍ജിയയില്‍ എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മന്‍സിലില്‍ ഷെറിനെ (25) ആണ് ദിവസങ്ങള്‍ക്കു മുമ്പ് ഇരവിപുരം പോലീസ് ദല്‍ഹിയില്‍ നിന്നും പിടികൂടിയത്. മയ്യനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
പ്രതി പിടിയിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ഇരവിപുരം പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ജോര്‍ജ്ജിയയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ പഠിക്കുന്ന കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു പലരേയും തട്ടിപ്പിനിരയാക്കിയത്. ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഇരവിപുരം പോലീസില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement