കൊട്ടാരക്കരയില്‍ രണ്ട് മിനി ഐടി പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിലൂടെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ 500 പ്രൊഫഷണലുകള്‍ക്ക് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കും. ലോകോത്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പറേഷന്റ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂര്‍ പഞ്ചായത്തില്‍ അഞ്ചുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രാരംഭ ഘട്ടത്തില്‍ 250 പേര്‍ക്ക് ഇവിടെ ജോലി ഉറപ്പാകും. ഐടി ക്യാമ്പസിന് ആവശ്യമായ ഭൂമിയും കെട്ടിടവും അടക്കം സോഹോ കോര്‍പ്പറേഷന് ലഭ്യമായിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു. ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ സോഹോ കോര്‍പറേഷന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രീയല്‍ ഐടി പാര്‍ക്കായ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലെ ആദ്യ വര്‍ക്ക് സ്റ്റേഷന്‍ കൊട്ടാരക്കരയില്‍ ആരംഭിക്കുകയാണ്. 12,000 ചതുരശ്ര അടിയിലെ മിനി ഐ.ടി പാര്‍ക്കിന്റെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചയില്‍ തുടങ്ങും. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐ.ടി പ്രൊഫഷണലുകള്‍ക്ക് ഐ.ടി, ഐ.ടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യാനാകും.
കൊട്ടാരക്കര നഗരത്തില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇതുവഴി ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം നാടിന് ഉറപ്പാക്കാനാകും. ഈ രംഗത്ത് പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാര്‍ക്ക് നേതൃത്വം നല്‍കും.
പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പാര്‍ക്കിന് ആവശ്യമായ സ്ഥലം കൊട്ടാരക്കര നഗരത്തില്‍തന്നെ ലഭ്യമാക്കാനാകും. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായവും ഡ്രോണ്‍ പാര്‍ക്ക് സ്ഥാപനത്തിന് സഹായകമാകും.
കൊട്ടാരക്കരയെ ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്പ്മെന്റ് ഹബ് ആക്കാന്‍ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഐടി ക്യാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോര്‍പറേഷന്‍ ഇന്ത്യയില്‍ തങ്ങളുടെ രണ്ടാമത്തെ ക്യാമ്പസ് തുറക്കാന്‍ കൊട്ടാരക്കരയെ തെരഞ്ഞെടുത്തത്. ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പടുത്തുന്നതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊട്ടാരക്കര മാറുകയാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥിയിലേക്ക് കേരളത്തെ നയിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
ലീപ് സെന്ററിലെ ട്രയിനികള്‍ മന്ത്രിയുമായി അനുഭവങ്ങള്‍ പങ്കുവച്ചു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ മേഖലകളിലെ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ക്കുശേഷം ലീപ് സെന്ററില്‍ എത്തിയ വിദ്യാര്‍ഥികള്‍ പഠിച്ച കാര്യങ്ങളുടെ പ്രായോഗികത മനസിലാക്കാന്‍ പരിശീലനം സഹായമാകുന്നതെങ്ങനെയെന്ന് വിവരിച്ചു. പരിശീലനം പൂര്‍ത്തിയാക്കി സെന്ററില്‍ തന്നെ പ്രോജക്ട് ഇന്റേണികളായി ചേര്‍ന്നവരും അനുഭവങ്ങള്‍ പങ്കുവച്ചു. അസാപ് സിഇഒ അനൂപ് അംബിക, ലീപ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാലന്‍, പ്രിന്‍സിപ്പല്‍ റിസേര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, ഡെവലെപ്പ്മെന്റല്‍ സൈക്കോളജിസ്റ്റ് എ ബാബു മാത്യു എന്നിവരും പങ്കെടുത്തു.