കൊട്ടാരക്കര: വെട്ടിക്കവല മഹാക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠയായ വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ സമൂഹ പാല്‍ പൊങ്കാല 22ന് നടക്കും. തന്ത്രിമുഖ്യന്മാരായ താഴമണ്‍മഠം കണ്ഠരര് മോഹനര്, ആദിശമംഗലം കേശവര് വാസുദേവര് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
10ന് പൊതുസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. സതീഷ്‌കുമാര്‍, എംപി കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
വെട്ടിക്കവല മേലൂട്ടും കീഴൂട്ടും ക്ഷേത്രങ്ങളുടെ പരിസരം, ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണം, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര കോമ്പൗണ്ട് എന്നിവിടങ്ങളിലും പൊങ്കാല ദിവസം രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും അടുപ്പുകള്‍ ക്രമീകരിക്കും.
പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് ക്ഷേത്ര ഉപദേശക സമിതി ഓഫീസില്‍ നിന്ന് രാവിലെ 7 മുതല്‍ രാത്രി 8 വരെ 75 രൂപാക്രമത്തിലുള്ള കൂപ്പണുകള്‍ ലഭിക്കും. കുറഞ്ഞത് 3 ദിവസത്തെയെങ്കിലും വ്രതാനുഷ്ഠാനത്തോടെ പൊങ്കാലയില്‍ പങ്കെടുക്കണമെന്ന് ഉപദേശകസമിതി ഭാരവാഹികള്‍ അറി
യിച്ചു.
ഭക്തര്‍ പാലും പഴവും പഞ്ചസാരയും പൊങ്കാല ഇടുന്നതിനാവശ്യമായ പാത്രങ്ങളും വിറകും ഗണപതി ഒരുക്കുമായി രാവിലെ 8ന് മുമ്പായി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരണം. കൂപ്പണ്‍ നമ്പര്‍ പ്രകാരം അടുപ്പുകള്‍ കണ്ടെത്തി അവിടെയാണ് പൊങ്കാല അര്‍പ്പിക്കേണ്ടത്. പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ കൊട്ടാരക്കര, ചടയമംഗലം, പുനലൂര്‍, പത്തനാപുരം ഡിപ്പോകളില്‍ നിന്ന് സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകും.
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് ബിനു ആര്‍. കുമാര്‍, സെക്രട്ടറി ബി. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍നായര്‍, എസ്. അഭിലാഷ്, എസ്. സൂരജ്, രാജേഷ് വി. ദേവ് എന്നിവര്‍ അറിയിച്ചു.