കുന്നത്തൂർ. കൊട്ടാരക്കര -കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം കൊടുംവളവിൽ റോഡിൻ്റെ മധ്യഭാഗത്ത് രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രികർ തെറിച്ചു പോകുന്നതും പരിക്കേൽക്കുന്നതും പതിവാണ്.തിരക്കേറിയ പാതയായതിനാൽ പലപ്പോഴും ദുരന്തങ്ങൾ വഴി മാറുന്നത് തലനാരിഴയ്ക്കാണ്.മഴ പെയ്താൽ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.മാസങ്ങൾക്കു മുമ്പ് രാത്രികാലങ്ങളിൽ ബൈക്ക് അപകടങ്ങൾ പതിവായതോടെ പ്രദേശവാസികൾ ചേർന്ന് കുഴി അടച്ചിരുന്നു.കഴിഞ്ഞ ഓണക്കാലത്ത് പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ റോഡിൽ ‘ഓട്ടയടപ്പ്’ നടത്തിയെങ്കിലും പഴയ പടിയിലേക്ക് മാറാൻ അധികനാൾ വേണ്ടി വന്നില്ല.കൊടുംവളവ് തുടങ്ങുന്ന വർക്ഷോപ്പ് ഭാഗം മുതൽ പാൽസൊസൈറ്റി വരെ ടാറിംഗ് നടത്തിയ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.