ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും 8 വർഷം മുമ്പ് കാണാതായ അൻഷാദിനെ കോഴിക്കോട് നിന്നും സുഹൃത്തുക്കൾ കണ്ടെത്തി

Advertisement

ചക്കുവള്ളി:പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് എട്ട് വർഷം മുമ്പ് ചക്കുവള്ളി കൊച്ചുതെരുവ് മുക്കിൽ നിന്നും കാണാതായ പോരുവഴി സ്വദേശി അൻഷാദ് മടങ്ങിയെത്തിയപ്പോൾ,മകനെയോർത്ത് കണ്ണീരൊഴുക്കി കഴിഞ്ഞിരുന്ന ഉമ്മ സന്തോഷം കൊണ്ട് വീണ്ടും കണ്ണീരണിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് അൻഷാദിനെ അപ്രതീക്ഷിതമായി കാണാതാവുമ്പോൾ ഉറ്റവരും ഉടയവരുമെല്ലാം നാടാകെ തേടിയലഞ്ഞു.പോലീസും, നാട്ടുകാരുമടക്കം ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.വർഷങ്ങൾ പലത് കഴിഞ്ഞതോടെ അന്വേഷണം വഴിമുട്ടി.എങ്കിലും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മനസ്സിൽ നോവായി അൻഷാദ് നിറഞ്ഞു നിന്നു.എവിടെ പോയാലും അവരുടെ അന്വേഷണം നീണ്ടു.ഒടുവിൽ അതിന് ഫലപ്രാപ്തിയുണ്ടായി,ബിസിനസിൻ്റെ ഭാഗമായി കോഴിക്കോട് എത്തിയ അൻഷാദിൻ്റെ സുഹൃത്തുക്കളായ
അഷ്‌കർ ചക്കുവള്ളിയും നിയാസ് ചക്കുവള്ളിയും ചേർന്ന് നഗരത്തിൽ തങ്ങളുടേതായ നിലയിൽ ഒരന്വേഷണം നടത്തി.അങ്ങനെ കോഴിക്കോട് പാളയത്ത് വച്ച് അൻഷാദിനെ അവർ കണ്ടെത്തി.കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ നാട്ടിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചു.ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് പാളയത്ത് കഴിയുകയായിരുന്നു അൻഷാദ്.വിവരം നാട്ടിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചക്കുവള്ളിയിൽ നിന്നും ഷെഫീഖ് അർത്തിയിൽ,ഹാരീസ് ചക്കുവള്ളി,അസീം അർത്തി കിഴക്കതിൽ,ബിജു ഞാറക്കാട്,ബഷീർ പ്ലാമൂട്ടിൽ എന്നിവർ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു.