ജോലി വാഗ്ദാനം നല്‍കി കംബോഡിയായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയില്‍

Advertisement
  കരുനാഗപ്പള്ളി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി.  മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, പടിക്കുന്നു ഭാഗത്ത്  കളത്തുംപടിയില്‍ വീട്ടില്‍  വിനീതിന്റെ ഭാര്യ  സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന് തായ്ലാന്‍ഡിലെ കമ്പനിയില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം പലതവണകളായി 1,20,000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് തായ്ലന്‍ഡില്‍ എത്തിച്ചു, അവിടെനിന്നും പ്രതികളുടെ ഏജന്റ്മാര്‍ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന്, ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിയായിരുന്നു നല്കിയിരുന്നത്. ജോലിയില്‍ ഏജന്റുമാര്‍ നിശ്ചയിച്ച ടാര്‍ജറ്റ് പൂര്‍ത്തിയക്കാത്തതോടെ യുവാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയായ സഫ്‌നയെ ബന്ധപ്പെട്ടു. അപ്പോള്‍ അവര്‍ യുവാവിനെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയും തുക കൈപ്പറ്റിയ ശേഷം യുവാവിനെ നാട്ടിലെത്തിക്കാതെ വഞ്ചിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എംബസിയുടെ സഹായത്തോടെയാണ് യുവാവിനെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ യുവാവ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിളളയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ  നിയാസ്, സന്തോഷ്,        സി.പി.ഒ മാരായ അനു, ശ്രീദേവി, മോഹന്‍ലാല്‍  എന്നിവര്‍ അടങ്ങിയ സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here