ആത്മധൈര്യം കൈമുതലാക്കി കിണറ്റിൽ നിന്നും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത് സിജു തോമസ്

Advertisement

കുന്നത്തൂർ:ശിശുദിനത്തിൽ സ്കൂൾ വളപ്പിലെ ആഴമേറിയ കിണറ്റിൽ വീണ
ആറാം ക്ലാസ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് സ്കൂളില ജീവനക്കാരനായ സിജു തോമസിൻ്റെ ആത്മധൈര്യം ഒന്നുകൊണ്ടു മാത്രം.വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു കുന്നത്തൂർ തുരുത്തിക്കര എം.ടി യു പി സ്കൂളിൽ നാടിനെ നടുക്കിയ സംഭവം നടന്നത്.അധ്യാപകരടക്കം വിരലിൽ എണ്ണാവുന്നവർ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്.കുട്ടികളുടെ നിലവിളി കേട്ടാണ് സിജു അവിടേക്ക് ഓടിയെത്തിയത്.പിന്നെയൊന്നും നോക്കിയില്ല.സ്വന്തം ജീവൻ പോലും പണയം വച്ച് സുരക്ഷയൊന്നുമില്ലാതെ കിണറ്റിലേക്കിറങ്ങി.വീഴ്ചയുടെ ആഘാതത്തിൽ സിമൻ്റ് തൊടിയിൽ തലയിടിച്ച് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന ഫെബിനെ കോരിയെടുത്തു.കിണറ്റിൽ വെള്ളം കുറവായിരുന്നു.മുമ്പൊന്നും കിണറ്റിലിറങ്ങി പരിചയമില്ലാത്ത സിജു സാഹസികമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.ഈ സമയം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് ഇരുവരെയും കരയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ അവരുടെ വാഹനത്തിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകി.പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന കുട്ടിയ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.