വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടി; അമ്മയും മകളും ഉള്‍പ്പെട്ട സംഘം പിടിയില്‍

Advertisement

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ പ്രതികള്‍ പിടിയില്‍. കൊല്ലം അരിനല്ലൂര്‍, കോവൂര്‍, മുക്കൊടി തെക്കതില്‍ ബാലു ജി നാഥ്(31), പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി(48), മകള്‍ അശ്വതി(26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 2021 ആഗസ്റ്റ് മാസം മുതല്‍ 2023 ആഗസ്റ്റ് മാസം വരെയുള്ള കാലയളവില്‍ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കള്‍ക്കും യു.കെ യിലേക്ക് വിസാ തരപ്പെടുത്തി നല്‍കാമെന്ന്
വാഗ്ദാനം നല്‍കി പലതവണകളായി എട്ടര ലക്ഷം (850000/) രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളായ ബാലുവും അശ്വതിയും ചേര്‍ന്ന് കൊല്ലം താലൂക്ക് ജംഗ്ഷനില്‍ നടത്തി വന്ന വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. വിസ ലഭിക്കാതായതോടെ പരാതിയുമായ് സ്ഥാപനത്തെ സമീപിച്ചെങ്കിലും ജോലിക്കായുള്ള വിസയോ, വിസയ്ക്കായ് നല്‍കിയ പണമോ തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഈസ്റ്റ് പോലീസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികള്‍ക്കായ് തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഇവര്‍ തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തു നിന്നും പോലീസിന്റെ വലയിലാവുകയായിരുന്നു. ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചില്‍ നടത്തി വരുകയാണ്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുമേഷ്, ശബ്ന, ജോയ് സി.പി.ഒ മാരായ ഷഫീക്ക്, അനു.ആര്‍. നാഥ്, അജയകുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.