ചാത്തന്നൂരില്‍ പെട്രോള്‍ പമ്പിന് നേരെ ആക്രമണം

Advertisement

ചാത്തന്നൂര്‍: പെട്രോള്‍ പമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ജീവനക്കാരനും ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ താഴം വടക്ക് ഗോകുല്‍ നിവാസില്‍ ഗോകുല്‍ (20), ഓട്ടോറിക്ഷാ ഡ്രൈവര്‍ മാമ്പള്ളിക്കുന്നം ചരുവിള വീട്ടില്‍ അജീഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ കാര്‍ ഡ്രൈവര്‍ 500 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. 300 രൂപയും കഴിഞ്ഞ് അടിച്ചപ്പോള്‍ മതിയെന്ന് പറഞ്ഞ് 300രൂപ നല്കി പോകാനൊരുങ്ങി. അധികം അടിച്ച പെട്രോളിന്റെ തുക ആവശ്യപ്പെട്ട ജീവനക്കാരനെ കാറില്‍ നിന്നിറങ്ങി ആക്രമിച്ചു.
അവിടെ നിന്ന് പോയ കാര്‍ ഉടമ മൂന്നു മണിയോടെ ആള്‍ക്കാരുമായി വന്ന് വീണ്ടും ആക്രമണം നടത്തി. യാതൊരു പ്രകോപനവും കൂടാതെ മൂന്നംഗ സംഘം പെട്രോള്‍ അടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവറെയും ജീവനക്കാരനെയും ആക്രമിച്ച് സാധനങ്ങള്‍ തല്ലി തകര്‍ത്തു. മാരകായുധങ്ങളുമായി നാട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഊറാംവിള കേന്ദ്രീകരിച്ചുള്ള ഭൂമാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് തവണയും സംഘം പമ്പിലെത്തി യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിനെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും കണ്ണിന് പരിക്കേറ്റ ഗോകുലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.  പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Advertisement