കെഎസ്ആര്‍റ്റിസി കൊറിയര്‍ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: കെഎസ്ആര്‍റ്റിസി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയര്‍ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേല്‍പ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരന്റെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരിയാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍/എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജോലി സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആര്‍.റ്റി.സി കമ്മീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരന്‍ 2024 മാര്‍ച്ച് 27ന് ജോലി വിട്ടു. ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ശാരീരിക ബുദ്ധിമുട്ട് കാരണം ജോലിയില്‍ നിന്നും ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുമൂട് സ്വദേശി ആര്‍.ആനന്ദ് റെക്‌സ് കമ്മീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവര്‍ക്ക് പുനര്‍നിയമനം നല്‍കിയതായും പരാതിക്കാരന്‍ അറിയിച്ചു.
എന്നാല്‍ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ സര്‍വീസില്‍ തിരികെ എടുക്കുമെന്നും പറഞ്ഞു.
പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് നിയമലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

Advertisement