ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ കുന്നത്തൂരിൽ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ കുന്നത്തൂർ നെടിയവിളയിൽ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും എഇഒ പി.എസ് സുജകുമാരി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ഒ ദീപക് കുമാർ,കൺവീനർ വി.എസ് മനോജ്‌കുമാർ,റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഹരികുമാർ.ബി,പബ്ലിസിറ്റി കമ്മിറ്റി ഗിരീഷ്.എസ് തുടങ്ങിയവർ അറിയിച്ചു.ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും.ഇക്കുറി ഗോത്രകലകളും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച ഏഴ് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.പ്രധാന വേദിയായ അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് മാനേജർ വി.ശങ്കരൻ പോറ്റി പതാക ഉയർത്തും.9ന് ചേരുന്ന ഉദ്ഘാടന സമ്മേളനം മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.സംവിധായകൻ ആദർശ്.എൻ.കൃഷ്ണ കലാമേള ഉദ്ഘാടനം ചെയ്യും.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.ആർ ഗോപീകൃഷ്ണൻ നന്ദിയും പറയും.21 ന് വൈകിട്ട് ആറിന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർപേഴ്സണും കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ വത്സലകുമാരി.കെ അധ്യക്ഷത വഹിക്കും.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.ജനറൽ കൺവീനർ ലേഖ.എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എസ് മനോജ് കുമാർ നന്ദിയും പറയും.