കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം

Advertisement

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പള്ളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെ ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഈ വിവരം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ സുഹൃത്ത് കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജയചന്ദ്രനും യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഇടയ്ക്കിടെ വരുന്ന ഫോണ്‍ കോളില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ കൊലപ്പെടത്തിയതായി പ്രതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ പ്രദേശത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തും.

Advertisement