ചാത്തന്നൂരില്‍ മോഷണവും മോഷണ ശ്രമവും; ജനങ്ങള്‍ ഭീതിയില്‍

Advertisement

ചാത്തന്നൂര്‍: രണ്ടാഴ്ചയ്ക്കിടെ ചാത്തന്നൂര്‍ മേഖലയില്‍ വീണ്ടും മോഷണം. നാട്ടുകാര്‍ ഭീതിയില്‍. ചാത്തന്നൂര്‍ ഊറാം വിള ജങ്ഷന് സമീപമുള്ള ആറോളം വീടുകളിലാണ് ഇന്നലെ മോഷണം ശ്രമം നടന്നത്. ഒരു ബൈക്ക് മോഷണം പോയി.
ദേശീയ പാതയോരത്ത് നിന്ന് മാര്‍ത്തോമ പള്ളിയുടെ ഭാഗത്തേക്കുള്ള ഇടവഴിയിലെ അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നത്. അവിടെ നിന്ന് ചൂരപൊയ്കയിലേക്ക് പോകുന്ന വഴിയിലുള്ള രാജേഷ് ഭവനില്‍ പുരുഷോത്തമന്‍ പിള്ളയുടെ വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീടിന് മുന്‍ഭാഗത്തെ റോഡിലൂടെ മോഷ്ടാക്കള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
തലയില്‍ തുണികൊണ്ട് കെട്ടി മുഖം മറച്ച് ബാഗും തൂക്കി മോഷ്ടാവ് നടന്നുനീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ പ്രദേശത്ത് മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.