അഞ്ചലില്‍ ആസ്സാം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Advertisement

കൊട്ടാരക്കര: അഞ്ചല്‍ ചന്തമുക്കിന് സമീപമുള്ള അറഫാ ചിക്കന്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന ആസ്സാം സ്വദേശിയായ ജലാലുദ്ദീനെ (26) വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
പ്രതിയായ ആസ്സാം സ്വദേശിയായ അബ്ദുള്‍ അലിയെ (24) ആണ് ജീവപര്യന്തം കഠിന തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചുകൊണ്ട് കൊല്ല ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ഉത്തരവായത്.
അഞ്ചല്‍ സ്വദേശിയായ അലിയാരുകുഞ്ഞ് നടത്തുന്ന ചിക്കന്‍ സ്റ്റോളിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദ്ദീനും. ഇവരും മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചിക്കന്‍ സ്റ്റോളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. പ്രതി കൂടുതല്‍ സമയം മൊബൈല്‍ നോക്കിയിരിക്കുന്നത് ജലാലുദ്ദീന്‍ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം 2020 ഫെബ്രുവരി 5ന് പുലര്‍ച്ചെ 5ന് വെട്ടുകത്തി കൊണ്ട് ജലാലുദ്ദീനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ദേഹമാസകലം 43-ഓളം വെട്ടുകളേറ്റാണ് ജലാലുദ്ദീന്‍ മരണപ്പെട്ടത്. നിലവിളി കേട്ടുണര്‍ന്ന മറ്റ് തൊഴിലാളികളെ ഇയാള്‍ വെട്ടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപെടുകയായിരുന്നു. വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
കൊലയ്ക്ക് ശേഷം കഴുത്ത് അറുത്ത് പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ ആസ്സാം സ്വദേശികളായ രണ്ട് സാക്ഷികള്‍ കോടതിയില്‍ സംഭവത്തെ കുറിച്ച് മൊഴി നല്‍കി. അഞ്ചല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍.ജി.മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി ഡബ്ല്യൂസിപിഓ പി. എസ്. ദീപ്തിയും പരിഭാഷകനായി അഡ്വ.ഷൈന്‍ മണ്‍ട്രോതുരുത്തും ഉണ്ടായിരുന്നു.

Advertisement