വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Advertisement

കൊട്ടിയം: ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. ട്രെയിനില്‍ കോളേജിലേക്ക് പോകുന്നതിന് വേണ്ടി ബസ്സില്‍ കയറുന്നതിന് പിതാവിനോടൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. പിതാവിനും ഇവരുടെ ബൈക്കില്‍ ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു.
കുളപ്പാടം ചാലുവിള (പുളിയത്ത്) വീട്ടില്‍ നാസറുദ്ദീന്റെയും നെസിയയുടെയും മകന്‍ നൗഫല്‍ (20) ആണ് മരിച്ചത്. പിതാവ് നാസറുദ്ദീനും സ്‌കൂട്ടര്‍ യാത്രക്കാരനായ മീയണ്ണൂര്‍ സ്വദേശി പുഷ്പാംഗദന്‍ (67) എന്നിവര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ണനല്ലൂര്‍ വടക്കേമുക്ക് കുളപ്പാടം റോഡില്‍ വടക്കേ മുക്കിനടുത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
എറണാകുളത്തെ വിഷന്‍ സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ ബിബിഎ ഏവിയേഷന് പഠിക്കുന്ന നൗഫലിനെ ബസ്സില്‍ കയറ്റി വിടുന്നതിനായി പിതാവ് ബൈക്കില്‍കൊണ്ടുവരവേ എതിര്‍ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടര്‍ ബൈക്കില്‍ ഇടിക്കുകയും റോഡിലേക്ക് തെറിച്ചുവീണ നൗഫല്‍ കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിനടിയില്‍ പെടുകയുമായിരുന്നു. ബസ്സിനടിയില്‍പ്പെട്ട നൗഫല്‍ തല്‍ക്ഷണം മരിച്ചു. പിതാവ് നാസറുദ്ദീന്‍ മറ്റൊരു വശത്തേക്ക് വീണതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് നാസറുദ്ദീനെയും പുഷ്പനെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ ഇരുവരും അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നൗഫലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച നൗഫലിന്റെ
സഹോദരി നൂര്‍ നിസ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here