തടാക തീരത്ത് അമ്പലക്കടവില്‍ സാമൂഹികവിരുദ്ധ ശല്യം, ഇരിപ്പിടത്തിലെ ടൈലുകള്‍ തകര്‍ത്തു

Advertisement

ശാസ്താംകോട്ട. തടാക തീരത്ത് സാമൂഹികവിരുദ്ധ ശല്യം പതിവായി. കൊല്ലം ജില്ലാ പഞ്ചായത്ത് വകയായി ഇവിടെ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്കു നേരെ അക്രമം പരിധി വിട്ട നിലയായിട്ടും നടപടിയില്ല . തടാക തീരത്ത് ഇരിപ്പിടങ്ങളില്‍ പാകിയ ഗ്രാനൈറ്റ് ഇടിച്ചു തകര്‍ത്തതായി കണ്ടെത്തി. തീരത്ത് നടുന്ന വൃക്ഷത്തൈകള്‍ നശിപ്പിക്കല്‍ മദ്യകുപ്പികള്‍ ഉടച്ച് വഴിയില്‍ വിതറല്‍ വിളക്കു തൂണുകള്‍ നശിപ്പിക്കല്‍ എന്നിവ പതിവ് അക്രമങ്ങളാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പാട് അകലെയായിട്ടും ഈ മേഖല സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. തടാകം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് നേരെയും ഇവരുടെ ശല്യമുണ്ട്.

അമ്പലക്കടവുമുതല്‍ കോളജിന്റെ തെക്കുഭാഗം വരെയും ഇവിടത്തെ മുളം കാടും സാമൂഹിക വിരുദ്ധരുടെ പിടിയിലാണ്. ഈ മേഖലയില്‍ ഇടക്കാലത്ത് പൊലീസ് ബീറ്റ് ഉണ്ടായിരുന്നെങ്കിലും അത് പതിവല്ലാത്തത് സാമൂഹികവിരുദ്ധര്‍ക്ക് ഗുണമാണ്. അടുത്തിടെ വിദ്യാര്‍ഥികളായ കമിതാക്കള്‍ ഇവിടെ ആത്മഹത്യചെയ്തനിലയില്‍ കണ്ടിരുന്നു. മയക്കുമരുന്നുവിപണനം നടക്കുന്നതായും പരാതികളുണ്ട്. മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പലതവണയായി. ഈ മേഖലയിലെങ്കിലും കാവല്‍ ഏര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് ജില്ലാകലക്ടര്‍ പൊലീസ് എന്നിവര്‍ക്ക് പരിസ്ഥിതി സംഘടനകള്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. ഏതു സമയവും അക്രമം നടക്കാനിടയുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു. ഇന്നലെ നടന്ന അക്രമത്തിനെതിരെ നമ്മുടെ കായല്‍ കൂട്ടായ്മ പൊലീസിന് പരാതി നല്‍കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here