കുന്നത്തൂർ:കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം.രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ നിന്നും വാഹനങ്ങളിലെത്തിച്ച് തള്ളുന്ന നായ്ക്കളാണ് പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.പാതയോരത്ത് രാപകൽ വ്യത്യാസമില്ലാതെ തമ്പടിക്കുന്ന നായ്ക്കൾ കാൽ നടയാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണ്.ഇതിനാൽ സ്കൂൾ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും കുട്ടിനെത്തേണ്ട അവസ്ഥയാണുള്ളത്.ആറ്റുകടവ് – ചീക്കൽകടവ് റോഡിലാണ് ഇത്തരത്തിൽ നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത്.മഴ പെയ്താൽ നായ്ക്കൾ കൂട്ടത്തോടെ സമീപത്തെ വീടുകളിലെ സിറ്റൗട്ടിലും പോർച്ചിലും എത്തുന്നതും പ്രശ്നമായിട്ടുണ്ട്.പകൽ നേരത്ത് വീടുകളിൽ നിന്നും കോഴികളെ പിടികൂടുന്നതും പതിവാണ്.അടുത്തിടെ നിരവധി കോഴികളെ നായ്ക്കൾ അകത്താക്കിയിട്ടുണ്ട്.തെരുവ് നായശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.