ശാസ്താംകോട്ട. തടാകത്തിലെ ജല ചൂഷണം തടയാന്‍ വിഭാവന ചെയ്ത് പണി പൂര്‍ത്തീകരിച്ച ഞാങ്കടവ് ശുദ്ധ ജല പദ്ധതി ഉടന്‍ ആരംഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. തടാകത്തിന്‍റെ നാശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയ അമിത ജല ചൂഷണത്തിന് പരിഹാരമായാണ് കോടികള്‍ ചിലവിട്ട് കല്ലട ആറ്റിലെ ഞാങ്കടവില്‍നിന്നും ജല പദ്ധതി ആരംഭിച്ചത്. 99 ശതമാനം പണി പൂര്‍ത്തീകരിച്ച ഇത് കൊല്ലം തേനി ദേശീയ പാത മുറിച്ചു കടക്കുന്നതിന് കുണ്ടറ നാന്തിരിക്കല്‍ ഭാഗത്ത് അനുമതി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിച്ചെങ്കിലേ വരുന്ന വേനലിലെങ്കിലും തടാകത്തിന് രക്ഷകിട്ടൂവെന്ന് സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അടിയന്തര ഇടപെടലുണ്ടാകണം എന്ന് സമിതി ആവശ്യപ്പെട്ടു.
തടാക സംരക്ഷണത്തിന് സ്വതന്ത്രഅധികാരമുള്ള സ്റ്റാറ്റ്യൂട്ടറി അതോറിറ്റി നിലവില്‍ വരുന്നതിന് നടപടി ത്വരിതപ്പെടുത്തുക നാട്ടുകാര്‍ക്ക് തടാകം കൊണ്ട് ഉപയോഗമുണ്ടാകുംവിധം ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമിതി ചെയര്‍മാന്‍ എസ് ബാബുജി, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.